ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് കല്ല്യാശ്ശേരി. ഉത്തരകേരളത്തിന്റെ നവോത്ഥാന ത്തിന്റെയും ദേശീയ പ്രസ്ഥാനത്തിൻറെയും സിരാകേന്ദ്രമായിരുന്നു കല്ല്യാശ്ശേരി. വാഗ്ഭടാനന്ദന്റെ ജാതിവിരുദ്ധ ചിന്തകൾക്ക് ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽത്തന്നെ നല്ല സ്വാധീനം ഈ പ്രദേശത്തുണ്ടായി. ബ്രഹ്മാനന്ദ ശിവയോഗി യുടെ അനുയായികൾ 1907 ൽ തന്നെ കല്ല്യാശ്ശേരിയിൽ ഒരു യോഗശാല സ്ഥാപിച്ചിരുന്നു. ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിന് കെ.പി.ആർ.ഗോപാലനെപ്പോലെയുളള ദേശീയ പ്രസ്ഥാന നായകർക്ക് ആദ്യകാല പ്രചോദനവും പ്രേരണയും ഈ യോഗശാലയുടെ പ്രവർത്തനങ്ങളായിരുന്നു. ജൻമിത്വം സർവ്വ ശക്ത മായി നിലനിന്നിരുന്ന കാലത്ത് കരക്കാട്ടിടം നായനാർ, ഏറുമ്പാല തറവാട്ട്. ചന്ദ്രോത്ത് തറവാട് എന്നിവരുടെ അധികാര വൃത്തത്തിലായിരുന്നു കല്ല്യാശ്ശേരി. ഭൂമിയുടെ നിയന്ത്രണം പ്രധാനമായും ഈ മൂന്ന് തറവാട്ടുകാരുടെ നിയന്ത്രണത്തി ലായിരുന്നു.
ദേശീയ പ്രസ്ഥാനത്തിൻറെ അലയൊലികൾ 1920 കളിൽ തന്നെ കല്ല്യാശ്ശേരിയിലും എത്തിച്ചേർന്നു. 1927 ഒരു ഹരിജൻ ബാലനെ കല്ല്യാശ്ശേരിയിൽ അന്ന് പ്രവർത്തിച്ച എലിമെന്റ്റി സ്‌കൂളിൽ ചേർക്കാനുണ്ടായ ശ്രമത്തെ ഉയർന്ന ജാതിക്കാർ എതിർത്ത തിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചു. പ്രശ്‌നം ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഏറ്റെടുത്തതോടെ സ്‌കൂൾ അധികൃതർക്ക് വഴങ്ങേണ്ടി വന്നു. 1935 ൽ നണിയൂരിൽ കർഷകസംഘം രൂപീകരിക്കപ്പെട്ടപ്പോൾ അതിൻറെ മുൻ നിര നേതാക്ക ളായി കെ.പി.ആർ ഗോപാലൻ, കെ.പി.ആർ.രയരപ്പൻ എന്നിവരുണ്ടായിരുന്നു. പിന്നീട് കേരള മുഖ്യമന്ത്രിയായ ഇ.കെ.നായനാരുടെ ജന്മസ്ഥലവും ആദ്യകാല പ്രവർത്തന മണ്ഡലവും കല്ല്യാശ്ശേരി ആയിരുന്നു. കല്ല്യാശ്ശേരിക്ക് പുറത്തുള ദേശീയ പ്രസ്ഥാന നേതാക്കളായിരുന്ന കേരളീയൻ, ഭാരതീയൻ, വിഷ്ണുനമ്പൂതിരി, പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ പ്രവർത്തന കേന്ദ്രങ്ങളിൽ ഒന്ന് കല്ല്യാശ്ശേരിയായിരുന്നു. കെ.വി.നാരായണൻനമ്പ്യാർ, എം.പി.നാരായണൻ നമ്പ്യാർ തുടങ്ങിയ തദ്ദേശീയരായ നേതാക്കൾ കല്ല്യാശ്ശേരിയെ ദേശീയ പ്രശസ്‌തിയിലെത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചു. കല്ല്യാശ്ശേരിക്ക് തൊട്ടടുത്ത പ്രദേശങ്ങളായ മോറാഴ, ബക്കളം, പാപ്പിനിശ്ശേരി, പയ്യന്നൂർ തുടങ്ങിയവ ദേശീയ പ്രസ്ഥാനവുമായി ബന്ധ പ്പെട്ട പ്രധാന സമരകേന്ദ്രങ്ങളായിരുന്നു. ആറോൺ മിൽ സമരവും മോറാഴ സംഭവവും വിഖ്യാതമാണ്.
വിഭവ ഭൂപട നിർമ്മാണത്തിലൂടെ പ്രാദേശിക വിഭവങ്ങളുടെ സ്ഥിതി വിവരക്കണ ക്കുകൾ തയ്യാറാക്കിക്കൊണ്ട് 1991 ൽ കല്ല്യാശ്ശേരി വീണ്ടും കേരളത്തിൽ വികസന ചരിത്രത്തിൽ നിർണായകമായ ഇടം നേടി. പ്രാദേശികാസൂത്രണത്തിന് ഒരു രീതി ശാസ്ത്രം നിർമ്മിച്ചുകൊണ്ട്, 1997 ൽ കേരളത്തിൽ തുടക്കം കുറിക്കുകയും ആഗോള ശ്രദ്ധ നേടുകയും, ചെയ്ത ജനകീയാസൂത്രണ പ്രസ്ഥാനത്തിന് അടിത്തറ പാകാൻ കല്ല്യാശ്ശേരിക്ക് സാധിച്ചു. പ്രാദേശിക വികസനാസൂത്രണത്തിൽ, ജനകീയാ സൂത്രണം സ്വീകരിച്ച പല രീതികളും സ്വാംശീകരിച്ചത് കല്ല്യാശ്ശേരി അനുഭവങ്ങളിൽ നിന്നായിരുന്നു.
ഉന്നതമായ സാംസ്കാരിക നിലവാരം പുലർത്തിയ പ്രദേശമായിരുന്നു ഇന്നത്തെ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശങ്ങൾ. ദേശീയ പ്രസ്ഥാന കാലഘ ട്ടത്തിൽത്തന്നെ അതിൻറെ ഭാഗമായി പൊതു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെട്ടു അതിന്റെ ഫലമായി സമൂഹത്തിൻറെ താഴെത്തട്ടിൽ നിന്ന് നിരവധി പേർ അഭ്യസ്ഥവി ദ്യരായി മാറി. അനൗപചാരിക വിദ്യാഭ്യാ സ സ്ഥാപനങ്ങളെന്ന നിലയിൽ വായന ശാലകളും കലാസമിതികളും ആ കാലഘട്ടത്തിൽ തന്നെ സ്ഥാപിച്ച് പ്രവർത്തനമാ രംഭിച്ചിരുന്നു. മാങ്ങാട്ട് പ്രവർത്തനമാരംഭിച്ച ശ്രീ ഹർഷൻ വായനശാലയാണ് ഈ പ്രദേശത്തെ ആദ്യ വായനശാലയായി കണക്കാക്കപ്പെടുന്നത്. ഇന്ന് 35-ൽ പരം കലാസാംസ്കാരിക സ്ഥാപനങ്ങളും 27 വായനശാലകളും പഞ്ചായത്തിനകത്ത് പ്രവർത്തിക്കുന്നു. വായനശാലകളിൽ 20 എണ്ണം ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരമുള്ള ഗ്രന്ഥാലയങ്ങൾ കൂടിയാണ്.
ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി മതനിരപേക്ഷത ഉയർന്ന തോതിൽത്തന്നെ വളർന്ന് വന്ന പ്രദേശമാണ് കല്ല്യാശ്ശേരി. മതമൈത്രി ഈ പ്രദേശത്ത് കെട്ടുറപ്പോടെ നിലനിൽക്കുന്നു. മതപരമായ ആഘോഷങ്ങളിൽ എല്ലാ മത വിഭാഗങ്ങളും പങ്കാളിക ളാകുന്ന ഒരു സംസ്ക്‌കാരം ഇവിടെ നിലനിൽക്കുന്നു. മത സ്‌പർദ്ധയ്ക്കും കലാപ ങ്ങൾക്കും ഇതുവരെ വേദിയാകാത്ത ഈ പ്രദേശത്ത് ഇരുപതോളം തെയ്യക്കാവു കളും 4 അമ്പലങ്ങളും 6 മുസ്ലീം പള്ളികളും ഒരു ക്രിസ്‌തുമത ദേവാലയവും ഉണ്ട്.